ഫോയര്‍ബാഹിനെക്കുറിച്ചുള്ള തീസിസുകള്‍


രചന : 1845 - ലെ വസന്തകാലത്ത് മാര്‍ക്സിനാല്‍ രചിക്കപ്പെട്ടതും എംഗത്സിനാല്‍ ചെറുതായി പരിഷ്കരിക്കപ്പെട്ടതു�

സ്രോതസ്സ് : മാര്‍ക്സ് - എംഗത്സ് തെരഞ്ഞെടുത്ത കൃതികള്‍ പേജ് 9 - 12.


1

വസ്തുവിനെ, ഇന്ദ്രിയാനുഭുതിയെ, മനുഷ്യന്റെ ഇന്ദ്രിയപ്രവര്‍ത്തനമായി, പ്രയോഗമായി, ആത്മനിഷ്ഠമായി, കാണാതെ, വിഷയവസ്തുവിന്റെയോ ധ്യാനത്തിന്റെയോ രൂപത്തില്‍മാത്രം കാണുന്നുള്ളൂ എന്നതാണ് ഫൊയര്‍ബാഹിന്റെതടക്കം ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ഭൗതികവാദത്തിന്റെയും മുഖ്യദോഷം. അതുകൊണ്ടാണ് ഭൗതികവാദത്തില്‍നിന്നു വ്യതിരിക്തമായി ആശയവാദം ക്രിയാത്മകവശത്തെ വികസിപ്പിക്കാനിടയായത്. എന്നാല്‍ ആശയവാദം അങ്ങിനെചെയ്തത് അമൂര്‍ത്തമായി മാത്രമാണ്. കാരണം, ആശയവാദത്തിന് യഥാര്‍ത്ഥ ഇന്ദ്രിയപ്രവര്‍ത്തനത്തെ ആനിലയ്ക്ക് അറിഞ്ഞുകൂടാ. ഇന്ദ്രിയാനാഭുതിയുടെ വിഷയവസ്തുക്കളെ ചിന്തയുടെ വിഷയവസ്തുക്കളില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ വേര്‍തിരിച്ച് കാണുവാന്‍ ഫോയര്‍ബാഹ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യന്റെ പ്രവര്‍ത്തനംതന്നെ വസ്തുനിഷ്ഠമായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം കാണുന്നില്ല. അതുകൊണ്ടാണ്, "ക്രിസ്തുമതസാരം" എന്ന കൃതിയില്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ മനുഷ്യോചിതമായ ഒരേയൊരു നിലപാടായി സൈദ്ധാന്തിക നിലപാടിനെ കരുതുന്നത്. അതേസമയം പ്രയോഗിക പ്രവര്‍ത്തനത്തെ കാണുന്നതും ഉറപ്പിക്കുന്നതും അതിന്റെ മലിനവും ലാഭേച്ഛയാര്‍ന്നതുമായ ബാഹ്യരൂപത്തില്‍ മാത്രമാണ്. അതുകൊണ്ട് "വിപ്ലവകരമായ" "പ്രായോഗിക - വിമര്‍ശനാത്മകമായ" പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം അദ്ദേഹം ഗ്രഹിക്കുന്നില്ല

2

മനുഷ്യന്റെ ചിന്ത വസ്തുനിഷ്ഠമായ സത്യമുള്ളതാണോ എന്നത് സിദ്ധാന്തത്തിന്റെ പ്രശ്നമല്ല, പ്രായോഗിക പ്രശ്നമാണ്. പ്രായോഗിക പ്രവര്‍ത്തനത്തില്‍ മനുഷ്യന്‍ തന്റെ ചിന്തയുടെ സത്യാവസ്ഥയെ, അതായത് യാഥാര്‍ത്ഥ്യത്തെ, ശക്തിയെ, ഐങികത്വത്തെ, തെളിയിക്കണം. പ്രായോഗികപ്രവര്‍ത്തനത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ചിന്ത യഥാര്‍ത്ഥമാണോ എന്ന തര്‍ക്കം തികച്ചും പാണ്ഡിത്യപരമായ ഒരു പ്രശ്നമാണ്

3

മനുഷ്യര്‍ സാഹചര്യങ്ങളുടെയും ശിക്ഷണത്തിന്റെയും സന്തതികളാണെന്നും, അതുകൊണ്ട്, മാറിയ മനുഷ്യന്‍ മറ്റു സാഹചര്യങ്ങളുടേയും മാറിയ ശിക്ഷണത്തിന്റെയും സന്തതികളാണെന്നുമുള്ള ഭൗതികവാദ സിദ്ധാന്തം, മനുഷ്യതന്നെയാണ് സാഹചര്യങ്ങളെ മാറ്റുന്നതെന്നും ശിക്ഷകനുതന്നെ ശിക്ഷണം വേണ്ടിയിരിക്കുന്നുവെന്നുമുള്ള കാര്യം മറക്കുന്നു. അതിനാല്‍ ഈ സിദ്ധാന്തം സമൂഹത്തെ രണ്ടായി തിരിക്കുന്നതില്‍ അവശ്യം ചെന്നെത്തുന്നു. ആ രണ്ടിലൊന്ന് സമൂഹത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നുമുണ്ട്. (ഉദാഹരണത്തിന് റോബര്‍ട്ട് ഓവന്റെ ധാരണ).

സാഹചര്യങ്ങള്‍ക്കൊപ്പം മനുഷ്യന്റെ പ്രവര്‍ത്തനവും മാറിവരുന്നുവെന്ന വസ്തുതയെ വിപ്ലവകരമായ പ്രായോഗികപ്രവര്‍ത്തനമെന്ന നിലയ്ക്കു മാത്രമേ സങ്കല്പിക്കാനും യുക്തിയുക്തമായി മനസ്സിലാക്കാനും കഴിയൂ

4

മതപരമായ സ്വയമന്യവല്‍ക്കരണമെന്ന വസ്തുതയില്‍ നിന്നാണ്, ലോകത്തെ മതപരവും സാങ്കല്പികവുമായ ലോകവും യഥാര്‍ത്ഥലോകവുമായി ഇരട്ടിക്കുന്നതില്‍ നിന്നാണ് ഫോയര്‍ബാഹ് തുടങ്ങുന്നത്. മതപരമായ ലോകത്തെ അതിന്റെ ഐഹികാടിത്തറിയിലേക്ക് ചുരുക്കിക്കൊണ്ടുവരികയെന്ന പ്രവര്‍ത്തിയാണ് അദ്ദേഹം ചെയ്തത്. ഈ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയതിനു ശേഷവും പ്രധാനകാര്യം ചെയ്യാന്‍ കിടക്കുന്നതേയുള്ളുവെന്ന സംഗതി അദ്ദേഹം അവഗണിക്കുന്നു. ഐഹികാടിത്തറ അതില്‍ നിന്നുതന്നെ വിട്ടുമാറി ഒരു സ്വതന്ത്രസാമ്രാജ്യമായി കാര്‍മേഘങ്ങള്‍ക്കിടയില്‍ സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നവെന്ന വസ്തുതയ്ക്ക് യഥാര്‍ത്ഥത്തില്‍ ഒരേയൊരു വിശദീകരണമേ ഉള്ളൂ ; ഈ ഐഹികാടിത്തറ തന്നെ സ്വയം വിഭക്തവും സ്വയം വൈരുദ്ധ്യാത്മകവുമാണ്. അതുകൊണ്ട് ഈ ഐഹികാടിത്തറയെ തന്നെ ആദ്യം അതിന്റെ വൈരുദ്ധ്യാത്മകതയില്‍ മനസ്സിലാക്കുകുയും പിന്നീട് ആ വൈരുദ്ധ്യാത്മകതയെ നീക്കിക്കൊണ്ട് പ്രയോഗികതലത്തില്‍ വിപ്ലവകരമാക്കുകുയുമാണ് വേണ്ടത്. ഉദാഹരണത്തിന് ഇഹലോകകുടുംബത്തിലാണ് വിശുദ്ധകുടുംബത്തിന്റെ രഹസ്യം കിടക്കുന്നതെന്നു കണ്ടെത്തിക്കഴിഞ്ഞാല്‍ ആദ്യത്തേതിനെത്തന്നെ സൈദ്ധാന്തികമായി വിമര്‍ശിക്കുകയും പ്രായോഗികമായി വിപ്ലവകരമാക്കുകയും ചെയ്യണം

5

അമൂര്‍ത്ത ചിന്തകൊണ്ട് തൃപ്തിപ്പെടാതെ ഫോയര്‍ബാഹ്, ഇന്ദ്രിയാനുഭൂതിപരമായ ധ്യാനത്തെ ആശ്രയിക്കുന്നു. എന്നാല്‍ അദ്ദേഹം ഇന്ദ്രിയാനുഭൂതിയെ പ്രായോഗികപ്രവര്‍ത്തനമായി, മനുഷ്യന്റെ ഇന്ദ്രിയ പ്രവര്‍ത്തനമായി കാണുന്നില്ല

6

ഫോയര്‍ബാഹ് മതപരമായ സത്തയെ മനുഷ്യസത്തയായി ചുരുക്കുന്നുമുണ്ട്. എന്നാല്‍ ഓരോ പ്രത്യക വ്യക്തിയിലും കുടികൊള്ളുന്ന അമൂര്‍ത്തവസ്തുവല്ല മനുഷ്യസത്ത. യഥാര്‍ത്ഥത്തില്‍ അത് സാമൂഹ്യ ബന്ധങ്ങളുടെ സമുച്ചയമാണ്.

ഈ യഥാര്‍ത്ഥ സത്തയുടെ വിമര്‍ശനത്തിലേക്ക് കടക്കാത്തതിന്റെ ഫലമായി :

1)ചരിത്രപ്രക്രിയയില്‍ നിന്ന് അമുര്‍ത്തവല്‍ക്കരിച്ചുകൊണ്ട് മതവികാരത്തെ പ്രത്യേകം കാണാനും അമൂര്‍ത്തമായ - ഒറ്റതിരുഞ്ഞു നില്‍ക്കുന്ന - മനുഷ്യവ്യക്തിയുണ്ടെന്ന് അനുമാനിക്കാനും ഫോയര്‍ബാഹ് നിര്‍ബന്ധിതനായിത്തീരുന്നു.

2) അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഒരു "ജാതി"യായി മാത്രമേ, അനേകം വ്യക്തികളെ പ്രകൃത്യാ യോജിപ്പിക്കുന്ന ആന്തരികവും മൂകവുമായ ഒരു സാമാന്യതയായി മാത്രമേ, മനുഷ്യസത്തയെ മനസ്സിലാക്കാന്‍ കഴിയൂ

7

ഇതിന്റെ ഫലമായി, "മതവികാരം" തന്നെ ഒരു സാമൂഹ്യോത്പന്നമാണെന്നും താന്‍ അപഗ്രഥിക്കുന്ന അമൂര്‍ത്തവ്യക്തി വാസ്തവത്തില്‍ ഒരു നിശ്ചിതരൂപത്തിലുള്ള സമൂഹത്തില്‍പ്പെട്ടവനാണെന്നും ഫോയര്‍ബാഹ് കാണുന്നില്ല

8

സാമൂഹ്യജീവിതം സാരാംശത്തില്‍ പ്രായോഗികമാണ്. സിദ്ധാന്തത്തെ ഗൂഡാര്‍ത്ഥവാദത്തിലേക്ക് വഴിതെറ്റിക്കുന്ന എല്ലാ നിഗൂഡതകളും മനുഷ്യന്റെ പ്രായോഗികപ്രവര്‍ത്തനത്തിലും ആ പ്രായോഗിക പ്രവര്‍ത്തനത്തെ മനസ്സിലാക്കുന്നതിലും അവയ്ക്കുള്ള യുക്തിസഹമായ ഉത്തരം കണ്ടെത്തുന്നു

9

ധ്യാനാത്മക ഭൗതികവാദത്തിന്, അതായത് ഇന്ദ്രിയാനുഭൂതിയെ പ്രായോഗികപ്രവര്‍ത്തനമായി മനസ്സിലാക്കാത്ത ഭൗതികവാദത്തിന് പരമാവധി എത്താന്‍ കഴിഞ്ഞിട്ടുള്ളത് സിവില്‍ സമൂഹത്തിലെ ഒറ്റൊക്കൊറ്റയ്ക്കുള്ള വ്യക്തികളെക്കുറിച്ചുള്ള ധ്യാനത്തിലാണ്

10

പഴയ ഭൗതികവാദത്തിന്റെ നിലപാട് "സിവില്‍" സമൂഹമാണ്. പുതിയ ഭൗതികവാദത്തിന്റേതാകട്ടെ, മനുഷ്യസമൂഹവും - അതായത്, സമൂഹവല്‍ക്കരിക്കപ്പെട്ട മനുഷ്യരാശി

11

തത്വചിന്തകര്‍ ലോകത്തെ പലതരത്തില്‍ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍ അതിനെ മാറ്റുകയെന്നതാണ് കാര്യം.